Thursday, December 30, 2010

എന്റെ ദിവാകരേട്ടന്‍

   
                      
                  ദിവാകരേട്ടന്‍ എന്നും എനിക്കൊരു ചിരി സമ്മാനിച്ചിരുന്നു.ചിരിയില്‍ കവിഞ്ഞൊന്നും അദ്ദേഹം ആര്‍ക്കും നല്‍കിയിരുന്നില്ല, വേറൊന്നും കൊണ്ടല്ല അതല്ലാതെ അദ്ദേഹത്തിനു വേറൊന്നും കൊടുക്കുവാന്‍ ഉണ്ടായിരുന്നില്ല. ചിരി ഉതിര്‍ക്കുന്നു സ്വന്തം ശരീരം കൊണ്ട് കാലയവനികയ്ക്കുള്ളില്‍ മറയുന്നതുവരെ അദ്ദേഹം മറ്റുള്ളവരെ തന്റെ ചിരിയിലൂടെ ചിരിപ്പിച്ചിരുന്നു.

                  സുഖ-ദുഃഖ സമ്മിശ്രമായ ജീവിതത്തില്‍ ദുഃഖത്തിനെ മാത്രം അരിച്ചെടുത്ത് കുടിച്ചിരുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക്  കുട്ടിക്കാലത്ത് എന്റെ കുഞ്ഞു മനസിലേക്ക് ദിവാകരേട്ടന്‍ ആരുമറിയാതെ കടന്നു കൂടി. ജീവിതത്തിന്റെ ഏതൊക്കെ കോണിലൊക്കെയാണോ ദുഃഖം എന്നെ പിടികൂടിയത് അവിടൊക്കെ ദിവാകരേട്ടന്‍ എന്ന മനുഷന്‍ എന്നെ സ്വാന്തന പെടുത്തി.

                    നാട്ടില്‍ പട്ടിണി നടമാടിയിരുന്ന സമയങ്ങളില്‍ ദിവാകരേട്ടന്‍ പതിവായ് കപ്പ നട്ടിരുന്നു. നേരം പുലരുമ്പോള്‍ ഒരു കപ്പ പോലും ബാക്കി  വെയ്ക്കാതെ ആളുകള്‍ മോഷ്ട്ടിച്ചിരുന്നു. എന്നാല്‍ ആ ദിവസങ്ങളില്‍ നിറഞ്ഞ ചിരിയുമായ് നില്‍ക്കുന്ന ദിവാകരേട്ടനെ ആണ് എനിക്ക് ആ കപ്പ തോട്ടത്തിനരികെ കാണുവാന്‍ കഴിഞ്ഞത്.

                     ആളുകള്‍ കൂടി നില്‍ക്കുന്ന ഒരു വഴിയിലൂടെ നടക്കാനിറങ്ങിയ ദിവാകരേട്ടനെ ഒന്നും രണ്ടും പറഞ്ഞു ആരോ ഒരാള്‍ കരണത്തിട്ടു ഒന്ന് പൊട്ടിച്ചു.  ഈ രംഗം കണ്ടുനിന്ന എന്റെ ഉള്ളം വിങ്ങുകയും ഞാന്‍ അത്ത്യുച്ഛത്തില്‍ കരയുകയും ചെയ്തു. എന്നാല്‍ എന്റെ കരച്ചിലിനെ പിന്തള്ളികൊണ്ടുള്ള ദിവാകരേട്ടന്റെ ചിരിയാണ് ഇന്നും എന്റെ കാതുകളില്‍ മുഴങ്ങി കേള്‍ക്കുന്നത്. ചിരിയിലൂടെ ഒരു ജീവിതം മുഴുവന്‍ ദര്‍ശിച്ച ഒരു വ്യക്തി ആയിരുന്നു അദ്ദേഹം.

                      സ്നേഹിക്കാന്‍ പഠിക്കുക, നമ്മളില്‍ സ്നേഹം ഉണ്ടെങ്കില്‍ മാത്രമേ മറ്റുള്ളവര്‍ നമ്മളെ സ്നേഹിക്കു എന്നൊക്കെ പറഞ്ഞിരുന്ന ദിവാകരേട്ടനെ മറ്റുള്ളവര്‍ എന്തുകൊണ്ട് വെറുത്തു എന്ന് ഇന്നും എനിക്ക് മനസിലായിട്ടില്ല.

                       ചിരിക്കാന്‍ അറിയാത്ത ഒരു സമൂഹത്തിന്റെ അടുത്തു നിന്നും ചിരിയുടെ ബാല പാഠങ്ങള്‍ പകര്‍ന്നു തന്ന എന്റെ ദിവാകരേട്ടന്റെ അരികിലേക്ക് സ്കൂള്‍ വിട്ടു വരുമ്പോള്‍ എന്നും ഞാന്‍ ചെന്നണയാറുണ്ടായിരുന്നു. നിറയെ കവിതകളും കഥകളും എനിക്ക് വേണ്ടി പറഞ്ഞു തന്നിരുന്ന ദിവാകരേട്ടന്‍ എന്നെ പ്രതി എന്റെ വീട്ടുകാരില്‍ നിന്നും വഴക്ക് കേള്‍ക്കുന്നത് പതിവായിരുന്നു. എന്നാല്‍ ഇതൊക്കെ മറന്നു വീണ്ടും എന്നെ കാണുമ്പോള്‍ ചിരിയുടെ, കവിതയുടെ, കഥയുടെ ലോകത്തേക്ക് ക്ഷണിക്കുന്ന ദിവാകരേട്ടന്റെ മുഖം ഇന്നും എന്റെ ഓര്‍മയില്‍ ഒരു വട വൃക്ഷമായ്‌ പടര്‍ന്നു കിടക്കുന്നു.

                       വേറാരുമറിയാത്ത ഒരു ദിവാകരേട്ടനെ എനിക്ക് മാത്രം സമ്മാനിച്ചുക്കൊണ്ടാണ്, എന്റെ ദിവാകരേട്ടന്‍ മരണ ശയ്യയില്‍ നിന്നും നിറഞ്ഞ ഒരു ചിരിയുമായ് വേറൊരു ലോകത്തേക്ക് കടന്നു പോയത്.

Monday, December 27, 2010

എന്റെ സ്വപ്നത്തിലേക്കൊരു ദേശാടനം

   
                പുലരുമ്പോള്‍ മുതല്‍ ഭക്ഷണത്തിനായ്‌ വിദൂര നഗരങ്ങളിലേക്ക് ചേക്കേറുന്ന പക്ഷികള്‍ എന്റെ കുട്ടിക്കാലത്ത് എനിക്ക് ദേശാടനത്തിന്റെ രഹസ്യങ്ങള്‍ പറഞ്ഞു തന്നു. ദേശാടനത്തിന്റെ വേരുകള്‍ ആഴ്നിറങ്ങിയ എന്റെ ശരീരം കൌമാരവും പിന്നിട്ടു യൌവനത്തിന്റെ തീക്ഷ്ണ ദിനങ്ങളില്‍ ദേഷാടനത്തിനായ് കേണുകൊണ്ടേയിരുന്നു.സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി മറ്റുള്ളവരെ മൃഗതുല്ല്യരാക്കുന്ന, സ്വപ്നം കാണാന്‍ അനുവദിക്കാത്ത ഈ ലോകത്ത്, എന്റെ ദേശാടന സ്വപ്‌നങ്ങള്‍ പൂവണിയാതെ പോയ്‌. 
                 പ്രകൃതി എന്തിനും ഏതിനും ഒരു മറുമരുന്നു വിധിക്കും പോലെ, എന്റെ സ്വപ്നങ്ങളിലൂടെ എന്റെ ദേശാടന മോഹം പൂവണിയാന്‍ തുടങ്ങി. സ്വപ്ന ലോകത്ത് കടിഞ്ഞാണ്‍ ഇടുന്ന സ്വേച്ചാധിപതികള്‍ ഇല്ലാത്തതു കൊണ്ടാവാം എനിക്കത് സാധിച്ചത്.    


                 സ്വപ്നത്തില്‍ ദേശാടനത്തിനു അനിയോജ്യമായ ഒരു കാലാവസ്ഥ ഉള്ളതുകൊണ്ടാകണം എന്റെ ദേശാടന സ്വപ്‌നങ്ങള്‍ വളര്‍ന്നു പന്തലിച്ചത്. ആരെയും ആശ്രയിക്കാത്ത, ആരെയും ശല്യപെടുത്താത്ത രീതിയില്‍ ഒരു ദേശാടന കോട്ട തന്നെ ഞാന്‍ എന്റെ മനോ രാജ്യത്തു പടുത്തുയര്‍ത്തി.
                 കുട്ടിക്കാലം മുതല്‍ക്കേ പക്ഷികളിലൂടെ ദേശാടന സ്വപ്നം കണ്ട ഞാന്‍, സ്വപ്നത്തില്‍ ഒരു ദേശാടന പക്ഷിയായ് മാറുക തന്നെയായിരുന്നു. ഞാന്‍ ഉറങ്ങുമ്പോള്‍ എന്റെ രണ്ടു കരങ്ങളും രണ്ടു വശത്തേക്ക് നീട്ടിപിടിച്ച് കമഴ്നാണ് കിടക്കുന്നതെന്ന് എന്റെ വീട്ടുകാര്‍ പലപ്പോഴായ്‌ പറയുകയുണ്ടായ്‌. അവര്‍ക്കറിയില്ലല്ലോ ഞാന്‍ ഒരു ദേശാടന പക്ഷിയായ് പരിണമിക്കുകയാെണന്ന്.
                 ദേശാടനത്തിനു കഴിയാത്തവര്‍ക്ക് വേണ്ടി, പ്രകൃതി തുറന്നിട്ടുകൊടുത്ത ഒരു മായാലോകം തന്നെ ആയിരിക്കും ഈ സ്വപ്നം. വിശക്കുന്നവനും, വിശപ്പില്ലാത്തവനും ഒരു പോലക്ക് കാണുന്ന സ്വപ്നത്തില്‍, കോട്ടകള്‍ പടുതുയര്‍ത്തുന്നത് വിഷക്കുന്നവനായിരിക്കും. അതുകൊണ്ടായിരിക്കണം പ്രകൃതി അവനു വിശപ്പ്‌ ദാനം നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ആയിരിക്കണം ഈ ഉള്ളവനും സ്വപ്നലോകത്ത് ഒരു കോട്ട പടുത്തുയര്‍ത്താന്‍ കഴിഞ്ഞത്.
                  ഞാന്‍ ഉറങ്ങാന്‍ പോവുകയാണ്, കാപട്യത്തിന്റെയും സ്വാര്‍തഥതയുടെയും ദംശനം ഏല്‍ക്കാത്ത എന്റെ സ്വപ്നലോകത്തെക്കൊരു ദേശാടനത്തിനായ്‌.

Thursday, December 23, 2010

മരണ രഹസ്യം


മരിച്ചവര്‍ കഥ പറയുന്ന
നാട്ടിലായ്‌ എനിക്കൊരു
വീടുണ്ട്.
      
മരണ രഹസ്യങ്ങള്‍ ഓതിത്തരുന്ന
മുനികള്‍ തന്‍
ആശ്രമം
ഇവിടയുണ്ട്.

വിളറി വെളുത്ത
മനുഷ ശരീരങ്ങള്‍
പതിവായി എത്തുന്ന
കവലയുണ്ട്.

ജനനത്തിന്‍ സന്ദേശം
എത്തിയാല്‍
മിഴി നീര്‍ നനയുന്ന
കൂട്ടരുണ്ട്.

മറക്കാന്‍ കഴിയുകയില്ലെങ്കിലും
മരണത്തിന്‍ രഹസ്യങ്ങള്‍
മറക്കേണ്ടി വരുമെന്ന്
ഇവര്‍ക്കറിയാം

ആത്മാക്കള്‍ നടരാജ
നൃത്തമാടുന്ന
നൃത്ത വിദ്യാലയം
ണ്ടിവിടെ.

യുഗ പുരുഷന്‍മാര്‍
ഒത്തുകൂടുന്ന
കുംഭമേളയും
ഇവിടയുണ്ട്

ഞാനെന്റെ വീട്
വിട്ടെങ്ങുമില്ല
കാരണം
ഇവിടെ ഇല്ലാത്തതായി
ഒന്നുമില്ല.


Thursday, December 16, 2010

മാവിന്‍ തോപ്പിലെ പ്ലാസ്റ്റിക്ക് മാവുകള്‍

      

                പുതിയ ഒരു നഗരത്തില്‍ എത്തിപ്പെട്ട സന്തോഷത്തില്‍ ഞാന്‍ മതിവരുവോളം കിടന്നുറങ്ങി. ഉറക്കം എന്റെ സന്തോഷസങ്കട വേളകളില്‍ എനിക്ക് ആനന്തം നല്‍കുന്നു. എന്നെ മറ്റുള്ളവര്‍ ഒരു കുഞ്ഞു കുംഭകര്‍ണനായ്‌ പോലും ചിത്രീകരിച്ചിട്ടുണ്ട്. എനിക്ക് അതില്‍ ഒരു പരിഭവവും ഇല്ല, കേട്ടോ. മണിക്കൂറുകള്‍ ബാക്കി നില്െക്ക നിദ്രയുടെ ലോകത്തുനിന്നും എന്നെ ആട്ടി പായിച്ചു.

                മനസ്സിന്റെ വേവലാതികള്‍ മാറ്റിനിര്‍ത്തി ഇങ്ങോട്ട് പോന്നത് സുഖിക്കാനൊന്നും അല്ല, ഭൂമിയുടെ സ്വഭാവം എല്ലായിടത്തും ഒരു പോലക്കാണോ എന്നറിയാനുള്ള ത്വര അതാണ് അതിന്റെ സത്യം. നിറങ്ങള്‍ പന്ത്രണ്ടാണന്ന് കുട്ടികള്‍ വരെ പറഞ്ഞു കേട്ടിട്ടുണ്ട്,പക്ഷെ ഇവിടെ നോക്കുകയാണെങ്കില്‍ ഒരു സ്ഥലത്തുനിന്നും തന്നെ ഒരു നൂറു വര്‍ണകൂട്ടമെങ്കിലും കണ്ടെത്താം. ഇതില്‍ നിന്നും എനിക്കൊരു കാര്യം മനസ്സിലായ് പ്രകൃതി ഒരു പരിതി വരെ കുറെ സാധു  മനുഷ്യരെ കബളിപ്പിക്കും, അതാണല്ലോ താന്‍ ഇവിടെ കണ്ടത്. സന്ധ്യ മയങ്ങാന്‍ നേരമായാല്‍ തന്റെ നാട്ടിലും, വീട്ടിലും രാമനാമം ജപിക്കാന്‍ തുടങ്ങും, എന്നാല്‍ ഞാന്‍ ഇവിടെ കേട്ടത് വിദേശ സംഗീതത്തിന്റെ ഒരു പുതിയ ആവിഷ്ക്കാരം തന്നെയാണല്ലോ.

               കുറെ മനുഷ്യര്‍ കൂടി നില്‍ക്കുന്ന ഒരു ഇടത്തേക്ക് ഞാന്‍ നടന്നു ചെന്നു. അവരില്‍ കുറെ പേര്‍ എന്തോ ഒരു തണുത്ത സാധനം കഴിക്കുന്നു. ഐസ് ക്രീം എന്ന് വായില്‍ കൊള്ളാത്ത ഒരു ശബ്ദം എന്റെ സംശയത്തിനു മുന്‍പില്‍ ഒരാള്‍ തുപ്പിയിട്ടു. ആ ഒരു രംഗം എനിക്ക് ഓര്‍മ്മ വരുന്നത് എന്റെ നാട്ടില്‍ കുട്ടികള്‍ കൂട്ടമായ്‌ ഇരുന്ന് കരിക്ക് പൂളി തിന്നുന്നതാണ്. ഹോ, പ്രകൃതിയുടെ ഒരു അത്ഭുതം, സ്ഥലകാലങ്ങളില്‍ അടിസ്ഥാനമാക്കി അവയുടെ പഥാര്‍ത്തങ്ങളിലും മാറ്റം വരുന്നു. 

                        
                 കുറെ ഏറെ നിമിഷങ്ങള്‍ക്ക് ശേഷം അല്‍പ്പം കാറ്റുകൊള്ളുവാന്‍ വേണ്ടി പുറത്തേക്കിറങ്ങിയ  എന്റെ കണ്ണ©ിപ്പോയ്‌. നാട്ടിലുള്ളതിനേക്കാള്‍ ധാരാളം വൃക്ഷങ്ങള്‍ വഴിയോരങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. കുറെ ഏറെ നടന്നതിനു ശേഷം വിശ്രമത്തിനു വേണ്ടി ഒരു മാവിന്‍ തോപ്പിലേക്ക് കയറി, ഇവിടയൊക്കെ ഒരു  പ്രത്യേകത ഉണ്ട്, ധാരാളം ബെഞ്ചുകള്‍ നിരത്തിയിരിക്കും. അതില്‍ ഒന്നില്‍ കാലുനീട്ടി കാറ്റുകൊള്ളുവാന്‍ ഞാന്‍ ഇരുന്നു, എന്നാല്‍ പൂര്‍വ്വാധികം ഭംഗിയായി വിയര്‍ക്കുന്നതായ്‌ എനിക്ക് മനസ്സിലായ്. എന്റെ വെപ്രാളം കണ്ട് ഒരാള്‍ എന്റെ അരികത്തു വന്നു നിന്ന് പുഞ്ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു കാറ്റുകൊള്ളാന്‍ വന്നതാണല്ലേ, അതെ എന്ന് പറയാന്‍ തുടങ്ങും മുന്‍േപ അയാള്‍ എന്നോട് പറഞ്ഞു. നിങ്ങള്‍ ഈ കാണുന്നതൊക്കെ ഒരു സംസ്കാരത്തിന്റെ ഭാഗമായ്‌ ഗവണ്മെന്റ് സ്ഥാപിച്ച തോപ്പുകള്‍ മാത്രമാണ്. എന്നാല്‍ ഇവയൊന്നും മാവുകള്‍ അല്ല കേട്ടോ, വെറും പ്ലാസ്റ്റിക്‌ മാവുകള്‍.


                  തലയ്ക്ക് ഒരു പെരുപ്പ് കയറുന്നതായ് എനിക്ക് തോന്നി. സാവകാശം ഞാന്‍ എന്റെ സ്ഥലത്തേക്ക് നടന്നു. ഒരു കള്ള ചിരിയുമായ് എന്റെ പ്രിയപ്പെട്ട ഉറക്കം എന്നിലേക്ക് പ്രവേശിക്കാന്‍ തുടങ്ങി, എന്നാല്‍ അവയെയും ആദ്യമായ്‌ ഞാന്‍ സംശയിച്ചു, ഇവയും കൃതിമം മാത്രം ആണോ.