Saturday, December 1, 2012

അച്ഛന്റെ ഇഷ്ടം


തെക്കേ  പറമ്പിന്റെ  ഓരത്തായാണ്
എന്റെ അച്ഛന്‍ ഉറങ്ങുന്നത്.
ഞങ്ങള്‍ രണ്ടാളും ചേര്‍ന്നു പിടിപ്പിച്ച 
നാട്ടുമാവിന്‍ ചോട്ടില്‍

തൊടിയില്‍ പലതുണ്ട് വൃക്ഷങ്ങള്‍
പക്ഷേ, ഒരു നാളെന്‍ അച്ഛന്‍ പറഞ്ഞു.
തനിക്കെന്നും വിശ്രമം നാട്ടുമാവിന്‍
ചുവട്ടിലാണത്രേ ഇഷ്‌ടം 

അച്ഛന്റെ  ഇഷ്ടം ഭൂമിതന്‍ മാറില്‍ 
വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുന്നതായിരുന്നു
അച്ഛന്റെ ഇഷ്ടങ്ങള്‍ എന്റെയും ഇഷ്ടമായി.
അങ്ങനെ, ഞാനുമെന്‍ അച്ഛനും തൊടിയിലെ
ഓരോ തണലിനും മിത്രങ്ങളായി.

ഒരു വൃക്ഷത്തൈ ബാക്കിവെച്ചുകൊ-
ണ്ടെന്റച്ച്ചന്‍  ഒരുനാള്‍  ഉണരാതെ പോയി.
ആ ഉറക്കത്തിലും അടയാതുപോയെന്റച്ച്ചന്റെ കണ്‍കളില്‍
ഒരു കൊച്ചു വൃക്ഷത്തിന്‍ നിഴല്‍ പറ്റിനിന്നു.

തെക്കേ പറമ്പിന്റെ ഓരത്തായി 
ഞാനെന്‍ അച്ഛനെ ദഹിപ്പിച്ചു 
അതിന്റെ ചുവട്ടിലായി ഞാനുമെന്‍ അച്ഛനും 
നട്ടുപിടിപ്പിച്ച നാട്ടുമാവ്‌ അച്ഛനെ തഴുകി നിന്നു.

2 comments:

ajith said...

അച്ഛനും മകനും നാട്ടുമാവും ചേര്‍ന്ന് നല്ലൊരു കവിത

സൗഗന്ധികം said...

നല്ല കവിത... അച്ചന്റെ മണമുള്ള, ശാന്തമായ കവിത...

ശുഭാശംസകൾ...........